റോമന്‍ സാമ്രാജ്യത്തില്‍ വിജയിച്ച ക്രിസ്ത്യാനിത്വം അതേ സമയത്ത് എത്തിയ ഇന്ത്യയില്‍ ഒരു കാലത്തും വിജയിച്ചില്ല. രണ്ടിടത്തും ബഹുസ്വര സമൂഹങ്ങളും ബഹുദൈവാരാധനയുമാണ്‌ ഉണ്ടായിരുന്നത്. ഒരു പ്രധാന വ്യത്യാസം റോമന്‍ സാമ്രാജ്യത്തില്‍ രണ്ടാം നൂറ്റാണ്ടിനും അതിനു ശേഷവും ഉണ്ടായിരുന്നത് പോലെ ക്രിസ്ത്യന്‍ അപ്പോളോജെറ്റിക്സ്‌ ആദിമ കാലത്ത് ഇന്ത്യയില്‍ വളര്‍ന്നിട്ടില്ല എന്ന് മാത്രമല്ല പേര് പറയത്തക്ക ഒരു ക്രിസ്ത്യന്‍ രചയിതാവ് പോലും ആ കാലത്ത് നിന്ന് ഉണ്ടായിട്ടില്ല. ആദിമ കാലം പോകട്ടെ ഒരു വിശ്വാസിക്ക് പ്രയോജനം ചെയ്യുന്ന നിലയില്‍ സംഭാവനകള്‍ നല്‍കിയ ഒരു ക്രിസ്ത്യന്‍ അപ്പോളജിസ്റ്റ് ആധുനിക കാലത്ത് ഉണ്ടായിട്ടുണ്ടോ? സ്വന്തം സഭാവിഭാഗത്തിനപ്പുറത്തും ജനകീനാവുകയും എടുത്തുപറയത്തക്ക നിലയില്‍ നിലനില്‍ക്കുന്ന സംഭാവനകള്‍ നല്‍കുകയും ചെയ്ത ആദ്യത്തെ ഒരു ഇന്ത്യന്‍ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റ് അന്തരിച്ച ആദരണീയനായ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടിയാണ്. തോമാ ശ്ലീഹായുടെ പാരമ്പര്യം പറയുന്ന ഭാരതക്രൈസ്തവ സഭയില്‍ ഈ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കകത്ത് അപ്പോളോജെറ്റിക്സുമായി ബന്ധപ്പെട്ട് ഒരാളെ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ആദ്യത്തെ ഒരു ക്രിസ്ത്യന്‍ അപ്പോളജിസ്റ്റ് എന്ന നിലയില്‍ എന്നെപ്പോലെ ഒരു സാധാരണ വിശ്വാസിയുടെ ഓര്‍മ്മയില്‍ വരുന്ന വ്യക്തി ഇരുപതാംനൂറ്റാണ്ടില്‍ നിന്നുള്ളയാളാണ് എന്നത് തന്നെയാണ് ഭാരതക്രൈസ്തവ സഭയുടെ ആ കാലഘട്ടം വരെയുള്ള ബൌദ്ധിക പരാജയത്തിന്‍റെ ഒരു മുഖ്യ തെളിവ്. ഒരുപക്ഷേ ഈ മേഖലയില്‍ പ്രവര്‍ത്തിച്ച ഞാന്‍ അറിയാത്ത മറ്റ് പലരും ഉണ്ടാകാം, എന്‍റെ തോന്നലുകള്‍ എല്ലാം എന്‍റെ അറിവിന്റെ പരിമിതികൊണ്ടായിരിക്കാം, പക്ഷേ അവരുടെ പ്രവര്‍ത്തനങ്ങളാല്‍ അവര്‍ക്ക് ഈ മേഖലയില്‍ സാധാരണ വിശ്വാസികളുടെ ശ്രദ്ധ നേടുന്ന നിലയില്‍ പ്രശസ്തരാകുവാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭാരത ക്രൈസ്തവ സഭയെ വേണ്ടത്ര സ്വാധീനിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കുവാന്‍. മറിച്ച് റോമന്‍ സാമ്രാജ്യത്തിലെ ക്രിസ്ത്യാനിത്വം എടുത്താല്‍ ആദിമ നൂറ്റാണ്ടുകളിലെ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകളായ ജസ്റ്റിന്‍ മാര്‍ട്ടിയറുടെയും തെര്‍തത്തുല്യന്റെയുമൊക്കെ രചനകള്‍ ഇന്നും റഫറന്‍സ് ഗ്രന്ഥങ്ങളായി പഠിതാക്കള്‍ ഉപയോഗിക്കുന്നു. ഏതാണ്ട് എല്ലാ നൂറ്റാണ്ടുകളിലും ക്രിസ്ത്യാനിത്വത്തിനു വേണ്ടി അതിശക്തമായ ബൌദ്ധിക പ്രതിരോധം തീര്‍ത്ത ബുദ്ധിജീവികള്‍ എല്ലാ കാലത്തും യൂറോപ്പില്‍ ഉണ്ടായിരുന്നു. അവിടെ യാഥാസ്ഥിതിക ക്രിസ്ത്യാനിത്വത്തിന്റെ പ്രയോജനകരമായ നിലനില്‍പ്പിന്റെയും വളര്‍ച്ചയുടെയും കാരണം ഇത്തരം ബുദ്ധിജീവികള്‍ തന്നെയായിരുന്നു. ജ്ഞാനോദയകാലഘട്ടത്തിനു ശേഷം യൂറോപ്പില്‍ ക്രിസ്ത്യാനിത്വം തകര്‍ന്നടിഞ്ഞതിനുള്ള കാരണവും ബൌദ്ധിക മണ്ഡലത്തിലെ ക്രിസ്ത്യന്‍ പരാജയം തന്നെയായിരുന്നു. അല്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടിവ് സംഭവിച്ചതുകൊണ്ടല്ല. ഇന്ത്യന്‍ ക്രിസ്ത്യാനിത്വം ഒരിക്കലും വേണ്ട നിലയില്‍ വിജയിച്ചിട്ടില്ലാത്തതും ബൌദ്ധിക മണ്ഡലത്തില്‍ തന്നെയാണ്.

ഈ കാലഘട്ടത്തിലെ ഇന്ത്യയിലെ സ്ഥിതിയെടുത്താല്‍ ഏഴു സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പാസ്സാക്കി കഴിഞ്ഞു. ഇത്രയും വര്‍ഷങ്ങളായിട്ടും പൊതു സമൂഹത്തെ സ്വാധീനിക്കുന്ന നിലയില്‍ ആശയപരമായ ഒരു പ്രതിരോധം ഈ മേഖലയില്‍ സൃഷ്ടിക്കുവാന്‍ ക്രിസ്ത്യന്‍ ബുദ്ധിജീവികള്‍ക്കും പണ്ഡിതന്മാര്‍ക്കും കഴിഞ്ഞിട്ടുണ്ടോ? ഈ കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ അപ്പോളോജെറ്റിക്സിന് സംഭാവന നല്‍കുന്ന വിഷയങ്ങളില്‍ ലോകപ്രശസ്തരായ എത്ര ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ അല്ലെങ്കില്‍ ബൈബിള്‍ പണ്ഡിതന്മാര്‍ ഇന്ത്യയില്‍ നിന്നുണ്ട്? ക്രിസ്ത്യാനിത്വവുമായി ബന്ധപ്പെട്ട ഒരു വിഷയമുണ്ടായാല്‍ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വിളിക്കുവാന്‍ തോന്നുന്ന നിലവാരത്തില്‍ പ്രശസ്തരായ യാഥാസ്ഥിതിക സുവിശേഷവിഹിത സഭയില്‍ നിന്നുള്ള ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ എത്രപേരുണ്ട്? ഈ ആധുനിക വിദ്യാഭ്യാസ കാലത്ത് ഒരാളെ ഒരു വിഷയത്തില്‍ പണ്ഡിതന്‍ എന്ന് ആധികാരികമായി വിളിക്കണമെങ്കില്‍ കുറഞ്ഞത്‌ ആ വിഷയത്തില്‍ ഒരു ഡോക്ടറേറ്റ് എങ്കിലും ഉണ്ടായിരിക്കണം. എത്രയോ ക്രിസ്ത്യന്‍ വിഷയങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ തര്‍ക്കങ്ങള്‍ നടക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയ ഒരാളെങ്കിലും ഏതിലെങ്കിലും പ്രതികരിച്ചോ? (ഞാന്‍ കേട്ടിടത്തോളം ഇന്ത്യന്‍ ക്രിസ്ത്യന്‍ പണ്ഡിതന്മാരില്‍ പലരും ഗവേഷണം നടത്തുന്ന വിഷയങ്ങള്‍ ആ പ്രബന്ധത്തിനപ്പുറം പ്രസക്തിയില്ലാത്തതാണ് എന്നതാണ് മറ്റൊരു തമാശ). ക്രിസ്ത്യാനിത്വം അനുഭവത്തിന്റെ മാര്‍ഗ്ഗം മാത്രമല്ല അറിവിന്റെ കൂടി മാര്‍ഗ്ഗമാണ്. ഗംഭീരമായ അനുഭവങ്ങളുടെ അഭാവത്തിലും ക്രിസ്ത്യാനിത്വം നിലനിന്നിട്ടുള്ളത് അറിവിന്റെ പിന്‍ബലത്തിലാണ്. അതിനാല്‍ പ്രിയ ക്രിസ്ത്യന്‍ ബുദ്ധിജീവികളെ അക്കാദമിക് ദന്തഗോപുരങ്ങളുടെ ഇരുളടഞ്ഞ മൂലകളില്‍ നിന്നും നിങ്ങള്‍ പുറത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; ആരെങ്കിലും വേദി തയ്യാറാക്കി പൊക്കിയെടുത്തുകൊണ്ടുവന്ന് നിര്‍ത്താതെ തന്നെ….

അടികുറിപ്പ്: സ്വന്തം വീട്ടിലുള്ളവര്‍ പോലും വായിക്കാനിടയില്ലാത്ത സോ കോള്‍ഡ് “ക്രിസ്ത്യന്‍ പത്രങ്ങളില്‍” കുറേ എഴുതിക്കൂട്ടുന്നവരുണ്ടാകാം. അതുകൊണ്ടൊന്നും വലിയ പ്രയോജനമില്ല. അതൊക്കെ നിര്‍ത്തിയിട്ട് ജനത്തിന്റെയടുക്കലേക്ക് എത്തുന്ന നിലയിലുള്ള സൃഷ്ടിപരമായ പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം…

Follow us: