ദൈവശാസ്ത്രത്തിന്റെ സംഭാവനകളും ക്രിസ്തീയ വിശ്വാസത്തിൽ വളരെ  പ്രാധാന്യമുള്ളതാണ്, വെറുതെ വാക്യങ്ങൾ മാത്രം നോക്കിപ്പോയാൽ പല പ്രശനങ്ങളും ഉണ്ടാകും. ഉദാഹരണമായി ബൈബിളില്‍ യഹോവ പലപ്പോഴും ഒരു സര്‍വ്വജ്ഞാനി പെരുമാറുന്നത് പോലെയല്ല പെരുമാറുന്നത്. മനുഷ്യരോടും ആത്മജീവികളോടുമൊക്കെ ദൈവം അഭിപ്രായം ചോദിക്കുന്നു, മനുഷ്യര്‍ പറയുന്നതിനനുസരിച്ച് ദൈവം തീരുമാനങ്ങള്‍ തിരുത്തുന്നു, ദൈവം പലതും ഓര്‍ക്കുന്നു, ദൈവം അനുതപിക്കുന്നു, ദൈവം പലതും ആരാഞ്ഞറിയുന്നു, മനസ്സിൽ പദ്ധതിയിട്ട് ആത്മഗതം ചെയ്യുന്നു ഇങ്ങനെയൊക്കെ വാക്യങ്ങള്‍ ഉണ്ട്. എന്നാല്‍ ദൈവം സര്‍വ്വജ്ഞാനിയാണ് എന്ന ദൈവശാസ്ത്ര ചിന്തയ്ക്ക് പ്രാമുഖ്യം നല്‍കി ഇതിനെയെല്ലാം വ്യാഖ്യാനിച്ച് പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണ് നമ്മള്‍ ചെയ്യാറ്.

ബൈബിളിലെ ചില വാക്യങ്ങളില്‍ നിന്ന് കണ്ടെത്താവുന്ന ദൈവിക ഗുണങ്ങള്‍ക്ക് (ഉദാഹരണമായി സര്‍വ്വജ്ഞാനം) പരമപ്രാധാന്യം നല്‍കി ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സമീപനം മധ്യകാലഘട്ടത്തില്‍ ശക്തമായ തത്വചിന്താപരമായ ദൈവശാസ്ത്രത്തോട് വളരെ കടപ്പെട്ടിരിക്കുന്നു. കാരണം ആ തത്വചിന്തയാണ് ദൈവം സമ്പൂര്‍ണ്ണനായ ഒരു അസ്തിത്വമാണ് എന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ സര്‍വ്വജ്ഞാനി സര്‍വ്വവ്യാപി തുടങ്ങിയ ദൈവിക ഗുണങ്ങളെ വ്യക്തമായി നിര്‍വ്വചിച്ചത്. മറ്റു ചില ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ തിന്മ ഉണ്ടാക്കിയത് ദൈവമാണ് എന്ന് ബൈബിള്‍ പറയുന്നു എന്നാല്‍ നമ്മുക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ അതിനെ വ്യാഖ്യാനിച്ച് ഒഴിവാക്കുവാന്‍ ഒരു മടിയുമില്ല സര്‍വ്വവ്യാപി എന്ന ഒരു വാക്ക്‌ ബൈബിളില്‍ ഇല്ല എന്നാല്‍ നമ്മള്‍ അത്‌ നിരന്തരമായി ഉപയോഗിക്കും ദൈവത്തെ ശരീരമുള്ളവനെപ്പോലെ ബൈബിള്‍ വര്‍ണ്ണിക്കുന്നു എന്നാല്‍ എത്ര വാക്യങ്ങള്‍ ഉണ്ടെങ്കിലും ദൈവത്തിന് ശരീരമില്ല എന്നതില്‍ നമ്മള്‍ ഉറച്ച് നില്‍ക്കുന്നു ഇതൊക്കെ തത്വചിന്താപരമായ ദൈവശാസ്ത്രത്താല്‍ സ്വാധീനിക്കപ്പെട്ട ഒരു ക്രിസ്തീയ സമൂഹത്തില്‍ നാം ആയിരിക്കുന്നതിനാലാണ്.

ഞാന്‍ പറഞ്ഞുവരുന്നത് ഈ ദൈവിക ഗുണങ്ങള്‍ ഒന്നും ബൈബിളില്‍ ഇല്ല എന്നല്ല മറിച്ച് വ്യത്യസ്തമായ വാക്യങ്ങളോടുള്ള നമ്മുടെ സമീപനം നാം അറിയാതെ തന്നെ തത്വചിന്താപരമായ ദൈവിക വീക്ഷണങ്ങളാല്‍ സ്വാധീനികപ്പെട്ടിരിക്കുന്നു എന്നതിനാലാണ്. അത് ഒരു നല്ല കാര്യമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബൈബിളിലെ വൈവിധ്യങ്ങളായ ദൈവവീക്ഷണങ്ങള്‍ ഇന്ന്‍ വ്യാപകമായി ഒരു തര്‍ക്കവിഷയമാകാത്തത് അഗസ്റ്റിന്‍, അക്വിനാസ്, അൻസെം തുടങ്ങിയ അനേക ദൈവശാസ്ത്രജ്ഞന്മാര്‍ തലച്ചോര്‍ ഉപയോഗിച്ച് ഇതെല്ലാം പഠിച്ച് ഈ വിഷയങ്ങളില്‍ എത്തിച്ചേര്‍ന്ന നിര്‍ണ്ണയങ്ങളുടെ നിലനില്‍ക്കുന്ന സ്വാധീനം മൂലമാണ്. ദൈവം അവര്‍ക്ക്‌ നല്‍കിയ ജ്ഞാനത്തെ ഓര്‍ത്ത്‌ ദൈവത്തെ സ്തുതിക്കുന്നു. ഒപ്പം ഞങ്ങളുടെ ഇടയിലെ വാക്യോളജിക്കാര്‍ക്ക് വിശ്വാസത്തില്‍ യുക്തിയുടെ പ്രാധാന്യം തിരിച്ചറിയുവാനുള്ള കൃപ കൊടുക്കണമേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Follow us: