ത്രിത്വവിരുദ്ധരുടെ ഒരു പ്രധാന ആരോപണം ഇങ്ങനെയാണ്: “സാത്താൻ, മോശ, വയറ്, ജാതികളുടെ ദൈവങ്ങൾ, ദേവസഭയിലെ അംഗങ്ങൾ എന്നിവരെയും ദൈവം എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അവരാരും സത്യദൈവമല്ല. അവരെ ദൈവം എന്ന്
വിളിച്ചിരിക്കുന്നത്‌ പോലെ യേശുവിനെയും ദൈവം എന്ന് പറയാം എന്നാൽ യേശു സത്യദൈവമല്ല.” യേശുവിനെയും സാത്താനെയുമൊക്കെ ഇത്തരത്തിൽ തുലനം ചെയ്യുന്നത് ന്യായമായ ഒരു വ്യാഖ്യാന സമീപനമാണോ? അങ്ങനെ താരതമ്യം ചെയ്യുമ്പോൾ യേശു സത്യദൈവമല്ല എന്ന നിഗമനത്തിൽ എത്തിച്ചേരുവാൻ സാധിക്കുമോ?

അനേക വാക്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഇതിനു ഒരു പൂർണ്ണമായ മറുപടി പറയണമെങ്കിൽ വിശദമായി തന്നെ പറയേണ്ടി വരും.

{1} യേശുവിനെ മഹാദൈവം (തീത്തോസ് 2:12) എന്നും സത്യദൈവം (1 യോഹന്നാൻ 5:20) എന്നും വിളിച്ചിട്ടുണ്ട്. ത്രിത്വവിരുദ്ധരുടെ ഉദാഹരണങ്ങളിലുള്ള ആരെയും ഇങ്ങനെ വിളിച്ചിട്ടില്ല. ഇവിടെ തന്നെ ഈ താരതമ്യം തെറ്റാണ് എന്ന് തെളിയുന്നു.

{2} ആരെയെങ്കിലും കുറിച്ച് എഴുതുമ്പോൾ ദൈവം എന്ന പദം അവരെക്കുറിച്ച് പ്രയോഗിച്ചിരിക്കുന്നു എന്നത് കൊണ്ടുമാത്രം അവർ ദൈവമാകില്ല. ഇതു ഒരു പരിധിവരെ ശരിയാണ്. ഏതർത്ഥത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നു എന്നതിനാണ് പ്രാധാന്യം.
യേശുവിനെ സംബന്ധിച്ച് തിയോസ് എന്ന പദം സത്യദൈവം എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. കാരണം യഹൂദന്മാരുടെ ഏകദൈവ വിശ്വാസത്തിന്റെ നിർവ്വചനത്തിൽ യേശുവിനെ ബൈബിൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഏകദൈവ വിശ്വാസം
എന്നതുകൊണ്ട്‌ ഒരു യഹൂദൻ എന്താണോ ഉദ്ദേശിക്കുന്നത് അതിൽ യേശു ഉൾപ്പെട്ടിരിക്കുന്നുവെങ്കിൽ യേശു സത്യദൈവമാണ്. ബഹുദൈവവിശ്വാസത്തെ ഏകദൈവവിശ്വാസത്തിൽ നിന്ന് വേർതിരിച്ചു നിർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ (റോമർ 1:25)
താഴെ എടുത്തെഴുതുന്നു:

{2.1} ഒരുവൻ ഏകദൈവമാണ് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അവൻ സൃഷ്ടിതാവാണ് എന്നാണ് – യെശയ്യാവ് 44:24. യേശു സൃഷ്ടിതാവാണ് – എബ്രായർ 1:10 [സങ്കീർത്തനം 102:25 പ്രകാരം യഹോവയാണ് (102:22) ഈ വാക്യത്തിൽ പറയുന്ന കാര്യം
ചെയ്തത്]. അസ്തിത്വമുള്ള സകല യാഥാർത്ഥ്യങ്ങളെയും സൃഷ്ടി സൃഷ്ടിതാവ് എന്ന് വിഭജിച്ചാൽ യേശു സൃഷ്ടിതാവിന്റെ ഭാഗത്താണ് – യോഹന്നാൻ 1:3, കൊലൊസ്സ്യർ 1:16

{2.2} ഒരുവൻ ഏകദൈവമാണ് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അവൻ മാത്രം മതപരമായ ആരാധനയ്ക്ക് യോഗ്യനാണ് എന്നാണ് – യെശയ്യാവ് 42:8, 45:23, 48:11. യേശു ആരാധനയ്ക്ക് യോഗ്യനാണ് – ഫിലിപ്പിയർ 2:10, റോമർ 14:11 (ഇതു പറയുന്നത് –
റോമർ 14:9 = യെശയ്യാവ് 45:18), യോഹന്നാൻ 5:22, വെളിപ്പാട് 5:12-14

{3} പഴയ നിയമത്തിൽ യഹോവയായ ഏകസത്യദൈവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന അനേക വാക്യങ്ങൾ പുതിയ നിയമത്തിൽ യേശുവിനെക്കുറിച്ച് ഉപയോഗിച്ചിരിക്കുന്നു. യഹോവയുടെ ജ്ഞാനം യഹോവയുടെ ഏകസ്വത്വത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനോട്
സമാനമായ രീതിയിൽ പുത്രനായ യേശുക്രിസ്തു എന്ന വ്യക്തി യഹോവയിൽ ഉൾപ്പെട്ടിരിക്കുന്നില്ല എങ്കിൽ ഈ വാക്യങ്ങൾ അങ്ങേയറ്റത്തെ ദൈവദൂഷണമാണ്. എന്നാൽ തിരുവെഴുത്തുകൾ സത്യമാണ് അതിനാൽ യേശു യഹോവയായ ദൈവമാണ്.
യെശയ്യാവ് 40:3 = മത്തായി 3:3
യെശയ്യാവ് 8:14 = 1. പത്രൊസ് 2:7
യെശയ്യാവ് 44:6 = വെളിപ്പാട് 1:17
യോവേൽ 2:32 = അപ്പൊ. പ്രവ. 2:21, 36; 9:14, 17; റോമർ 10:13
സങ്കീർത്തനങ്ങൾ 25:3 = റോമർ 10:11
സങ്കീർത്തനങ്ങൾ 3:8 = വെളിപ്പാട് 7:11
യെഹെസ്കേൽ 37:23 = തീത്തൊസ് 2:14
നെഹെമ്യാവ് 9:30 = 1. പത്രൊസ് 1:11
സങ്കീർത്തനങ്ങൾ 24:7-10 = 1. കൊരിന്ത്യർ 2:8
സങ്കീർത്തനങ്ങൾ 34:8 = 1. പത്രൊസ് 2:3 (3:14)
സങ്കീർത്തനങ്ങൾ 62:12 = മത്തായി 16:27
സങ്കീർത്തനങ്ങൾ 130:8 = മത്തായി 1:21
……………….. ഇങ്ങനെ അനേകം വാക്യങ്ങൾ ഉണ്ട് അവ മുഴുവനും എഴുതുന്നില്ല. ആശയം ചുരുക്കി പറഞ്ഞാൽ ഇതാണ് – പഴയനിയമ പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന യാഹോവയായിട്ടാണ് പുതിയ നിയമത്തിൽ യേശുവിനെ ചിത്രീകരിച്ചിരിക്കുന്നത്.

യേശുവിനെ ദൈവം എന്ന് വിളിചിരിക്കുന്നതായി ഞാൻ മുകളിൽ എഴുതിയ വാക്യങ്ങളിൽ എല്ലാം യേശുവിനെ അസന്ദിഗ്‌ദ്ധമായി, അഥവാ, അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധമാണ് ദൈവം എന്ന് വിളിച്ചിരിക്കുന്നത്. ദൈവം എന്ന വാക്കിന്റെ അർത്ഥം ഏതെങ്കിലും
നിലയിൽ പരിമിതപ്പെടുത്തുവാൻ ഉതകുന്ന അർത്ഥഭേദഗതി വരുത്തുന്ന മറ്റ് പദങ്ങളോ വിശേഷണങ്ങളോ ഒന്നും ദൈവം എന്ന വാക്കിന്റെ മേൽ ഈ വേദഭാഗങ്ങളിൽ പ്രയോഗിച്ചിട്ടില്ല.

മുകളിൽ പറഞ്ഞ കാരണങ്ങളാൽ യേശുവിനെ ദൈവം എന്ന് വിളിച്ചത് പോലെ മറ്റാരെയെങ്കിലും ദൈവം എന്ന് വിളിച്ചിട്ടുണ്ട് എന്ന അവകാശവാദം സത്യമാകണമെങ്കിൽ:

{I} യേശുവിനെ പോലെ അവരെയും സത്യദൈവമെന്നോ മഹാദൈവമെന്നോ വിളിചിട്ടുണ്ടാകണം.

{II} യേശുവിനെ വിളിച്ച അതേ അർത്ഥത്തിൽ തന്നെയായിരിക്കണം അവരെയും ദൈവം എന്ന് വിളിച്ചിരിക്കുന്നത്. അതായത് യേശുവിനെ പോലെ അവരെയും യഹൂദന്മാരുടെ ഏകദൈവവിശ്വാസത്തിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുത്തിയിരിക്കണം.

{III} അവരെയും യഹോവയായ ഏകസത്യദൈവമായി ചിത്രീകരിച്ചിരിക്കണം.

{IV} യേശുവിനെ വിളിച്ചത് പോലെ, അർത്ഥവ്യതിയാനം വരുത്തുന്ന മറ്റ് പ്രയോഗങ്ങൾ ഒന്നും കൂടാതെ, അസന്ദിഗ്‌ദ്ധമായിട്ടായിരിക്കണം അവരെ ദൈവം എന്ന് വിളിച്ചിരിക്കുന്നത്.

ഈ മാനദണ്ഡങ്ങൾ ശരിയായി വരുന്ന രീതിയിൽ മറ്റാരെയെങ്കിലും ബൈബിളിൽ ദൈവം എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ ആ വാക്യങ്ങൾ ധൈര്യമായി മുന്നോട്ട് വന്ന് പരസ്യപ്പെടുത്തുവാൻ ത്രിത്വവിരുദ്ധരെ ഞാൻ ആഹ്വാനം ചെയുന്നു. അത് നിങ്ങൾക്ക്
സാധിക്കാത്തിടത്തോളം ദൈവം എന്ന പദത്തിന്റെ വിവിധ ഉപയോഗങ്ങൾ മനസ്സിലാക്കുവാനുള്ള നിങ്ങളുടെ കഴിവില്ലായ്മയായി മാത്രമേ നിങ്ങളുടെ വാദങ്ങളെ കണക്കാക്കാനാവൂ.

———————————————

ഇനി ദൈവം എന്ന പദം മറ്റ് വ്യക്തികളെ കുറിച്ച് ഉപയോഗിച്ചിരിക്കുന്ന വാക്യങ്ങൾ വിശദമായി പരിശോധിക്കാം:

(1) ::: പുറപ്പാട് 7:1 – യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കൂ, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.

ഇത് യേശുവിനെ ദൈവം എന്ന് വിളിച്ചതുമായി തുലനം ചെയുവാൻ സാധിക്കില്ല കാരണം:

(1.1) :: ‘ദൈവമാക്കിയിരിക്കുന്നു’ എന്നാണ് പറയുന്നത് – യേശുവിനെ ദൈവമാക്കി എന്ന് എങ്ങും പറഞ്ഞിട്ടില്ല.

(1.2) :: ‘ഫറവോന്’ എന്നാണ് എഴുതിയിരിക്കുന്നത്. ദൈവം എന്ന പദപ്രയോഗത്തിന്റെ വ്യാപ്തിയെ പരിമിതപ്പെടുത്തുന്ന ഒരു വിശേഷണമാണിത്. [ഫറവോന്ന് മാത്രമാണ് ഒരു പ്രത്യേക അർത്ഥത്തിൽ മോശ ദൈവത്തോട് ഉപമിക്കാവുന്ന ഒരു പദവിയിൽ
നിൽക്കുന്നത്. യേശുവിനെ ദൈവം എന്ന് വിളിചിരിക്കുന്നതിന് ഉപോൽബലകമായി ഞാൻ ഉദ്ധരിച്ചിരിക്കുന്ന ഒരു വാക്യത്തിലും ഇത്തരത്തിൽ അർത്ഥം പരിമിതപ്പെടുത്തുന്ന ഒരു പ്രയോഗമില്ല].

(1.3) :: ഇതൊരു ഉപമാലങ്കാര പ്രയോഗമാണ് – അഹരോൻ മോശയ്ക്ക് പ്രവാചകൻ എന്ന് പറയുന്നത് ഒരു ഉപമാലങ്കാരമാണ് ഇതേ രീതിയിൽ ആലങ്കാരികമായ അർത്ഥത്തിൽ മാത്രമാണ് മോശ ഫറവോന് ദൈവമായിരിക്കുന്നത്. ‘ഫറവോന്’ എന്ന അർത്ഥ
വ്യാപ്തി പരിമിതപ്പെടുത്തുന്ന പ്രയോഗവും ആലങ്കാരിക അർത്ഥത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കാരണം അക്ഷരീക അർത്ഥത്തിലുള്ള ദൈവം ഏതെങ്കിലും ഒരു വ്യക്തിക്കു മാത്രമല്ല ദൈവമായിരിക്കുന്നത്. ഏകദൈവവിശ്വാസത്തിന്റെ ഏകദൈവം എന്ന
നിർവ്വചനത്തിൽ ഉൾപെടുന്ന രീതിയിൽ ഉള്ള ദൈവമല്ല മോശ. [ഫറവോന്റെ മേൽ അധികാരമുള്ളവൻ, ദൈവം പ്രവാചകനിലൂടെ സംസാരിക്കുന്നത് പോലെ അഹരോനിലൂടെ സംസാരിക്കുന്നവൻ എന്നീ അർത്ഥങ്ങളിൽ ദൈവത്തോട് മോശയെ ഉപമിചിരിക്കുക
മാത്രമാണ് ഈ വാക്യത്തിലൂടെ ദൈവം ചെയ്തിരിക്കുന്നത്. ഞാൻ മുകളിൽ കൊടുത്തിരിക്കുന്ന ഒരു വാക്യത്തിലും യേശു ഏതെങ്കിലും ഒരു വ്യക്തിക്ക് മാത്രമാണ് ദൈവം എന്ന് പറയുന്നില്ല. മോശയുടേതിനു സമാനമായ അർത്ഥത്തിലേക്ക് എത്തിക്കുന്ന ഒരു
സൂചനയും യേശുവിന്റെ ദൈവത്വം പ്രഖ്യാപിക്കുന്ന വാക്യങ്ങളിലോ അവയുടെ സമീപ പശ്ചാത്തലങ്ങളിലോ ഇല്ല.]

(2) ::: 2. കൊരിന്ത്യർ 4:4 – ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

ഇത് യേശുവിനെ ദൈവം എന്ന് വിളിച്ചതുമായി തുലനം ചെയുവാൻ സാധിക്കില്ല കാരണം:

(2.1) :: ‘ഈ ലോകത്തിന്റെ’ എന്നാണ് എഴുതിയിരിക്കുന്നത്. (യുഗത്തിന്റെ എന്നും വിവർത്തനം ചെയ്യാം). ദൈവം എന്ന പദപ്രയോഗത്തിന്റെ വ്യാപ്തിയെ പരിമിതപ്പെടുത്തുന്ന ഒരു വിശേഷണമാണിത്. ഈ ലോകത്തോടുള്ള ബന്ധത്തിൽ മാത്രമാണ് ഒരു
പ്രത്യേക അർത്ഥത്തിൽ സാത്താൻ ദൈവത്തോട് ഉപമിക്കാവുന്ന ഒരു പദവിയിൽ നിൽക്കുന്നത്. മാത്രവുമല്ല അവന് അവിശ്വാസികളുടെ മനസ്സിൽ മാത്രമാണ് സ്വാധീനം. ഇതും അർത്ഥം പരിമിതപ്പെടുത്തുന്ന ഒരു പ്രയോഗമാണ്. സാത്താൻ യേശുവിനെ പോലെ
സകലത്തിനും മീതേയുള്ള മാഹാദൈവമല്ല. യേശുവിനെ ദൈവം എന്ന് വിളിചിരിക്കുന്നതിന് ഉപോൽബലകമായി ഞാൻ ഉദ്ധരിച്ചിരിക്കുന്ന ഒരു വാക്യത്തിലും ഇത്തരത്തിൽ അർത്ഥം പരിമിതപ്പെടുത്തുന്ന ഒരു പ്രയോഗമില്ല. യേശുവിനെപ്പോലെ
അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധമല്ല ഇവിടെ സാത്താനെ ദൈവം എന്ന് വിളിച്ചിരിക്കുന്നത്.

(2.2) :: ഇതൊരു ഉപമാലങ്കാര പ്രയോഗമാണ് – ഈ ലോകത്തിന് എന്ന അർത്ഥവ്യാപ്തി പരിമിതപ്പെടുത്തുന്ന വിശേഷണം കാണിക്കുന്നത് ഇത് ഒരു ഉപമാലങ്കാര പ്രയോഗമാണ് എന്നാണ്. ഏകദൈവവിശ്വാസത്തിന്റെ ഏകദൈവം എന്ന നിർവ്വചനത്തിൽ ഉൾപെടുന്ന
രീതിയിൽ ഉള്ള ദൈവമല്ല സാത്താൻ. അനേകരുടെ മേലുള്ള സാത്താന്റെ സ്വാധീനത്തെ വർണ്ണിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉപമാലങ്കാര പ്രയോഗമായി മാത്രമാണ് ദൈവം എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തത്തുല്യമായ ഒരു ആലങ്കാരികപ്രയോഗ
സൂചനയും യേശുവിന്റെ ദൈവത്വം പ്രഖ്യാപിക്കുന്ന വാക്യങ്ങളിൽ ഇല്ല.

(3) ::: ഫിലിപ്പിയർ 3:19 – അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കും മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.

ഇത് യേശുവിനെ ദൈവം എന്ന് വിളിച്ചതുമായി തുലനം ചെയ്യുന്നവരുടെ യുക്തിഭദ്രമായി ചിന്തിക്കുവാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നു എന്നു പറയേണ്ടിവരും, കാരണം:

(3.1) :: ‘അവരുടെ ദൈവം’ എന്നാണ് എഴുതിയിരിക്കുന്നത്. ദൈവം എന്ന പദപ്രയോഗത്തിന്റെ വ്യാപ്തിയെ പരിമിതപ്പെടുത്തുന്ന ഒരു വിശേഷണമാണിത്. ക്രിസ്തുവിന്റെ ക്രൂശിന് ശത്രുക്കളായി നടക്കുന്നവർക്ക് മാത്രമാണ് ഒരു പ്രത്യേക അർത്ഥത്തിൽ
അവരുടെ വയറ് ദൈവത്തോട് ഉപമിക്കാവുന്ന നിലയിൽ ആയിരിക്കുന്നത്. യേശുവിനെ ദൈവം എന്ന് വിളിചിരിക്കുന്നതിന് ഉപോൽബലകമായി ഞാൻ ഉദ്ധരിച്ചിരിക്കുന്ന ഒരു വാക്യത്തിലും ഇത്തരത്തിൽ അർത്ഥം പരിമിതപ്പെടുത്തുന്ന ഒരു പ്രയോഗമില്ല.
യേശുവിനെപ്പോലെ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധമല്ല ഇവിടെ വയറിനെ ദൈവം എന്ന് പരാമർശിച്ചിരിക്കുന്നത്.

(3.4) :: ഇതൊരു ഉപമാലങ്കാര പ്രയോഗമാണ് – ‘അവരുടെ’ എന്ന അർത്ഥവ്യാപ്തി പരിമിതപ്പെടുത്തുന്ന പ്രയോഗം കാണിക്കുന്നത് ഇത് ഒരു ഉപമാലങ്കാര പ്രയോഗമാണ് എന്നാണ്. സത്യത്തിൽ ഇത് ഏതൊരു കൊച്ചുകുട്ടിക്കും മനസ്സിലാകുന്ന കാര്യമാണ്.
ഏകദൈവവിശ്വാസത്തിന്റെ ഏകദൈവം എന്ന നിർവ്വചനത്തിൽ ഉൾപെടുന്ന രീതിയിൽ ഉള്ള പ്രധാന ആശയങ്ങളൊന്നും ഈ പ്രയോഗത്തിലില്ല. ക്രിസ്തുവിന്റെ ക്രൂശിന് ശത്രുക്കളായി നടക്കുന്നവർ എന്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നത് സൂചിപ്പിക്കുന്ന ഒരു
ഉപമാലങ്കാര പ്രയോഗമാണിത്. തത്തുല്യമായ ഒരു ആലങ്കാരികപ്രയോഗ സൂചനയും യേശുവിന്റെ ദൈവത്വം പ്രഖ്യാപിക്കുന്ന വാക്യങ്ങളിൽ ഇല്ല.

(4) ::: പുറപ്പാട് 12:12, ആവർത്തനം 8:19, സംഖ്യാ 33:4 – ജാതികളുടെ ദേവന്മാരെ ദൈവങ്ങൾ എന്ന് വിളിച്ചിരിക്കുന്നു.

ഇത് യേശുവിനെ ദൈവം എന്ന് വിളിച്ചതുമായി തുലനം ചെയുവാൻ സാധിക്കില്ല കാരണം:

(4.1) :: ഈ അന്യദൈവങ്ങൾ ദൈവങ്ങളല്ല എന്ന് വളരെ വ്യക്തമായി തിരുവെഴുത്ത് പഠിപ്പിക്കുന്നു – ഒരു ജാതി തന്റെ ദൈവങ്ങളെ മാറ്റീട്ടുണ്ടോ? അവ ദൈവങ്ങളല്ലതാനും (യിരെമ്യാവു 2:11). അവർ ദുർഭൂതങ്ങൾക്കു, ദൈവമല്ലാത്തവെക്കു, തങ്ങൾ അറിയാത്ത
ദേവന്മാർക്കു ബലികഴിച്ചു (ആവർത്തനം 32:17). ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ (1. കൊരിന്ത്യർ 10:20). ഇതുപോലെ യേശു യഥാർത്ഥത്തിൽ ദൈവമല്ല എന്ന് തിരുവെഴുത്തിൽ എങ്ങും പറഞ്ഞിട്ടില്ല. അതിനാൽ തന്നേ
ഈ ഭാഗങ്ങൾ യേശുവിനെ ദൈവം എന്ന് വിളിച്ചിരിക്കുന്നതുമായി തുലനം ചെയ്യുവാൻ സാധിക്കില്ല.

(4.2) :: അന്യദേവന്മാരെ ദൈവങ്ങൾ എന്ന് ബൈബിളിൽ വിളിച്ചിരിക്കുന്നവയെല്ലാം കേവലം വൃത്താന്ത സമാനമോ അല്ലെങ്കിൽ വിവരണാത്മകമോ ആയ പരാമർശങ്ങൾ മാത്രമാണ് – അതായത് ജാതികൾ ഈ ദേവന്മാരെ ദൈവങ്ങൾ എന്ന് വിളിക്കുന്നു എന്നതിന്റെ
അടിസ്ഥാനത്തിൽ ഉള്ള സാന്ദർഭികമായ പരാമർശങ്ങൾ മാത്രം. അല്ലാതെ അവ യഥാർത്ഥത്തിൽ ദൈവങ്ങളാണ് എന്ന് ബൈബിൾ അവകാശപ്പെടുകയല്ല ചെയ്യുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മാധ്യമങ്ങളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ
‘അറിയപ്പെടുന്ന’ ‘പറയപ്പെടുന്ന’ ‘വിളിക്കപ്പെടുന്ന’ എന്നൊക്കെ പറയുന്നത് പോലെയുള്ള പരാമർശങ്ങൾ മാത്രമാണ് ഇവയെല്ലാം. 1 രാജാക്കന്മാർ 11:33 ഇതിന് ഒരു നല്ല ഉദാഹരണമാണ്. “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ
ഉണ്ടെന്നുവരികിലും” (1 കൊരിന്ത്യർ 8:5) എന്ന് പൌലോസും എഴുതിയിരിക്കുന്നു. യേശുവിനെ ദൈവം എന്ന് വിളിക്കുന്നു എന്നതിന് ഉപോൽബലകമായി ഞാൻ ഇവിടെ ഉദ്ധരിച്ച വാക്യങ്ങളൊന്നും തന്നെ യേശുവിനെ ആരെങ്കിലും ദൈവം എന്ന് വിളിക്കുന്നു
എന്നത് റിപ്പോർട്ട് ചെയ്യുന്നു എന്ന അർത്ഥത്തിൽ എഴുതിയിരിക്കുന്നവയല്ല.

——————-

(5) ::: സങ്കീർത്തനങ്ങൾ 82:1 – ദൈവം ദേവസഭയിൽ നിലക്കുന്നു; അവൻ ദൈവങ്ങളുടെ ഇടയിൽ ന്യായം വിധിക്കുന്നു.
യോഹന്നാൻ 10:34 – യേശു അവരോടു: നിങ്ങൾ ദൈവങ്ങൾ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?

ഈ വാക്യങ്ങൾ അല്പം വിശദീകരണം ആവശ്യമുള്ളവയാണ്. കാരണം തന്റെ ദൈവത്വത്തെ യേശു തന്നെ ഈ വാക്യങ്ങളിലെ ദൈവം എന്ന പരാമർശങ്ങളുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു. മാത്രവുമല്ല യേശുവിന്റെ ദൈവത്വം സംബന്ധിച്ച ആരോപണത്തിന്
യേശു നേരിട്ട് വ്യക്തമായി ഉത്തരം പറയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വേദഭാഗമാണ് യോഹന്നാൻ 10:34-38. ഇത്രയും കിറുകൃത്യമായ ഒരു ആരോപണം യേശുവിനെതിരെ വേറെ എവിടെയും ഉന്നയിച്ചിട്ടില്ല.

ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒന്നു രണ്ട് കാര്യങ്ങൾ ഉണ്ട് ഒന്നാമത്തേത് ആരെയാണ് ഇവിടെ ദൈവങ്ങൾ എന്ന് വിളിച്ചിരിക്കുന്നത് എന്നതാണ്. സങ്കീർത്തനങ്ങൾ 82 പരിശോധിച്ചാൽ നമ്മുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നതിതാണ്:

[1] — ഇവിടെ പറയുന്ന സംഭവം നടക്കുന്നത് ദേവസഭയിലാണ് അല്ലെങ്കിൽ സ്വർഗ്ഗീയ സഭയിലാണ് ഭൂമിയിൽ എങ്ങും അല്ല – സങ്കീർത്തനം 89:5-7, യിരെമ്യാവ് 23:18, ഇയ്യോബ് 15:8

[2] — ഇവിടെ ദൈവം എന്ന് വിളിക്കപ്പെട്ടിരിക്കുന്നത് മനുഷ്യരല്ല – ദേവസഭയിലെ അംഗങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങൾ മനുഷ്യരെ “പോലെ” മരിക്കും എന്ന് പറയുന്നതിൽ നിന്ന് ഇവർ മനുഷ്യരല്ല എന്നത് വളരെ വ്യക്തമാണ്. (സങ്കീർത്തനം 29:1, ഇയ്യോബ്
1:6, ഇയ്യോബ് 2:1, ഇയ്യോബ് 38:6, സങ്കീർത്തനം 82:6, സങ്കീർത്തനം 95:3).

[3] — ദൈവങ്ങളാണ് സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതിന് ഉത്തരവാദിത്വപ്പെട്ടവർ എന്നത് പഴയനിയമ രചനാകാലയളവിലെ യിസ്രായേൽ ഉൾപ്പെട്ട പുരാതന സമീപപൌരസ്ത്യ പ്രദേശങ്ങളിൽ വളരെ വ്യാപകമായി നിലവിലുണ്ടായിരുന്ന ഒരു വിശ്വാസം ആയിരുന്നു
(The IVP Bible Background Commentary: Old Testament – Page 515, Psalms 1-50 By J. W. Rogerson, J. W. McKay, Page 52). ഇത്തരത്തിൽ ജാതികളുടെ ഇടയിൽ സാമൂഹ്യ നീതി ഉറപ്പാക്കുവാൻ
ഉത്തരവാദിത്വപ്പെട്ട ഇവർ അത് ശരിയായി ചെയ്യാതിരുന്നതിനാലാണ് ദൈവം ഇവരെ ന്യായം വിധിക്കുന്നത്.

[4] — ചുരുക്കത്തിൽ യഹോവയായ ദൈവത്തിന് തൊട്ടുതാഴെ ദൂതന്മാർക്ക് മുകളിൽ സ്ഥാനമുള്ള (Dictionary of the Old Testament, InterVarsity Press, Page 114) സങ്കീർത്തനം 82ലെ ഈ സ്വർഗ്ഗീയസംഘത്തിലെ
അംഗങ്ങളുമായിട്ടാണ് യോഹന്നാൻ 10:34ൽ യേശു തന്റെ ദൈവത്വം താരതമ്യപ്പെടുത്തിയത്.

ഈ വാക്യം മനസ്സിലാക്കേണ്ടത് താഴെകൊടുത്തിരിക്കുന്ന രീതിയിലാണ്:

(I) >> യോഹന്നാൻ 10:33 – യഹൂദന്മാരുടെ എതിർപ്പ്: “നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ”.

(II) >> യോഹന്നാൻ 10:36 – യേശുവിന്റെ മറുപടി: താൻ “പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവൻ” ആണ്. അതായത് യഹൂദന്മാർ ചിന്തിക്കുന്നത് പോലെ താൻ ആത്യന്തികമായി കേവലം മനുഷ്യൻ അല്ല മറിച്ച് പിതാവ് ലോകത്തിലേക്ക് അയച്ച
ദൈവപുത്രനാണ്‌. വിശദമായി പറഞ്ഞാൽ യഹൂദന്മാർ ആരോപിച്ചത് പോലെ കേവലം മനുഷ്യനായ ഒരുവൻ തന്നെത്തന്നെ ദൈവം ആക്കുന്ന ഒരു കാര്യമല്ല മറിച്ച് താൻ യഥാർത്ഥത്തിൽ ആരാണ് എന്നത് വെളിപ്പെടുത്തുക എന്നതാണ് തന്റെ വാക്കുകളിലൂടെ
(യോഹന്നാൻ 10:30) സംഭവിച്ചത്.

(III) >> യോഹന്നാൻ 10:35 – മനുഷ്യരല്ലാത്ത ചിലരെ യേശുവിനെതിരെ ആരോപണം ഉന്നയിച്ച യഹൂദന്മാരുടെ തിരുവെഴുത്തുകളിൽ ദൈവങ്ങൾ എന്ന് പറഞ്ഞിട്ടുണ്ട്. (തിരുവെഴുത്തുകൾ എവിടെയാണ് ഇവരെ ദൈവങ്ങൾ എന്ന് പറഞ്ഞിട്ടുള്ളത്? സങ്കീർത്തനം
82:1 ൽ – “അവൻ ദൈവങ്ങളുടെ ഇടയിൽ ന്യായം വിധിക്കുന്നു”)

(IV) >> യോഹന്നാൻ 10:34 – തിരുവെഴുത്തുകൾ ഇങ്ങനെ പറയുവാൻ കാരണം “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു” എന്ന ദൈവിക പ്രസ്താവന യഹോവ അവരെക്കുറിച്ച് “പറഞ്ഞു” എന്നതുകൊണ്ടാണ് (ലോഗോസ് തൌ തിയോ – ദൈവത്തിന്റെ
അരുളപ്പാട് എന്നത് സമാനമായ മറ്റ് വാക്യങ്ങളിൽ ബൈബിൾ മുഴുവനെയുമല്ല മറിച്ച് ദൈവം ചെയ്ത ഏതെങ്കിലും ഒരു പ്രത്യേക പ്രസ്താവനയെയാണ് കാണിക്കുന്നത്. ഉദാ: റോമർ 9:6-7).

(V) >> ദേവസഭയിലെ അംഗങ്ങളെ അത്യുന്നതന്റെ പുത്രന്മാർ എന്നും പറഞ്ഞിട്ടുണ്ട് (സങ്കീർത്തനം 82:6) അതിനാലാണ് വ്യക്തമായ ഒരു താരതമ്യത്തിനു വേണ്ടി യേശു തന്റെ പ്രസ്താവനയിൽ തന്നെക്കുറിച്ച് “ദൈവം” എന്ന് പറയാതെ “ദൈവ പുത്രൻ”
(10:36) എന്ന് പറയുന്നത്.

സംശയം – അങ്ങനെയങ്കിൽ യേശു ദേവസഭയിൽ അംഗങ്ങളെ പോലെയുള്ള ഒരു ദൈവപുത്രനാണോ?

അല്ല. കാരണം:

1. — ആ കാലത്ത് നിലവിലുണ്ടായിരുന്നതും ബി. സി. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റബ്ബി ഹില്ലേൽ ക്രമീകൃതമായി നിർവ്വചിച്ചതുമായ “കാൽ വാ ഹോമർ” അഥവാ “ചെറുതിൽ നിന്ന് വലുതിലേക്ക്” എന്ന ഒരു വ്യാഖ്യാന രീതിയാണ് യേശു ഇവിടെ
അവലംബിക്കുന്നത് (ഉദാ: ലൂക്കോസ് 14:24 – സങ്കീർത്തനങ്ങൾ 147:9). ഈ വാദത്തിന് രണ്ട് തെളിവുകളുണ്ട്:

(i) പഴയ നിയമത്തിലെ എന്തെങ്കിലും കാര്യം ഉദ്ദരിച്ചിട്ടു തത്തുല്യമായ അർത്ഥത്തിൽ തന്നോടുള്ള ബന്ധത്തിൽ ആ വേദഭാഗം ഉപയോഗിച്ച സന്ദർഭങ്ങളിൽ “ഇതേ രീതിയിൽ” “അതു പോലെ” എന്നൊക്കെ അർത്ഥം വരുന്ന “ഹൌതോസ്” എന്ന പദം ഉപയോഗിച്ച്
തന്റെ പ്രസ്താവനയെയും പഴയ നിയമ വേദഭാഗത്തെയും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട് (മത്തായി 24:37, യോഹന്നാൻ 3:14). ഇത്തരത്തിലുള്ള ഒരു പ്രയോഗവും യോഹന്നാൻ 10:34-38ൽ ഇല്ല. കേവലം താരതമ്യം ഉദ്ദേശിച്ചുള്ള എങ്കിൽ എന്ന അർത്ഥം വരുന്ന “ഈ”
എന്ന ഒരു പ്രയോഗം മാത്രമേ (യോഹന്നാൻ 10:35) ഈ ഭാഗത്തുള്ളൂ.

(ii) പഴയ നിയമ വേദഭാഗങ്ങൾ ഉപയോഗിച്ച് തന്റെ പ്രവർത്തികൾ ന്യായീകരിക്കുന്ന മറ്റു ഭാഗങ്ങളിൽ “ചെറുതിൽ നിന്ന് വലുതിലേക്ക്” എന്ന വ്യാഖ്യാന രീതിയാണ് യേശു അവലബിചിരിക്കുന്നത്. ഉദാഹരണം: മത്തായി 12:1-8; യോഹന്നാൻ 7:21-24

ഈ വ്യാഖ്യാന തത്വത്തിന്റെ പശ്ചാത്തലത്തിൽ യേശു പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുമ്പോൾ യേശു ഉദ്ദേശിച്ച അർത്ഥം എന്താണ് എന്ന് മനസ്സിലാകും. അതായത്, യഹോവയായ ദൈവം “നിങ്ങൾ ദൈവങ്ങളാകുന്നു” എന്നു “പറഞ്ഞു” എന്ന കാരണത്താൽ മാത്രം
ചില സ്വർഗ്ഗീയവ്യക്തികളെ ദൈവങ്ങൾ എന്ന് വിളിക്കാമെങ്കിൽ ദൈവം ശുദ്ധീകരിച്ച് (വേർതിരിച്ച്) ലോകത്തിലേക്കയച്ച തന്നെക്കുറിച്ച് താൻ ദൈവപുത്രൻ എന്ന് പറയുന്നതിനെ യഹൂദന്മാർ ദൈവദൂഷണം എന്ന് വിമർശിക്കുന്നത് തിരുവെഴുത്തുകളോട്
യോജിച്ചുപോകുന്ന ഒരു നിലപാടല്ല. ചുരുക്കിപ്പറഞ്ഞാൽ സങ്കീർത്തനം 82 ലെ ദേവസഭയിലെ അംഗങ്ങളെക്കാളും ദൈവത്തോട് സമനാക്കുന്ന വിശേഷണങ്ങൾക്ക് യേശു അർഹനാണ് എന്നർത്ഥം. രണ്ടു കൂട്ടരും ഒരേ രീതിയിലല്ല ദൈവപുത്രൻ എന്നോ ദൈവമെന്നോ ഉള്ള
വിശേഷണങ്ങൾക്ക് അർഹരാകുന്നത് എന്നത് യേശു തന്റെ പ്രസ്താവനയിൽ വിശദമാക്കിയിട്ടുള്ളതിനാൽ തുല്യതയല്ല ഇവിടെ ഊന്നി പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തം.

2. — യേശു തന്റെ മറുപടി യോഹന്നാൻ 10:36 ൽ അവസാനിപ്പിച്ചിരുന്നു എങ്കിൽ യേശു ഉദ്ദേശിച്ചതായി മുകളിൽ ഞാൻ എഴുതിയിരിക്കുന്ന അർത്ഥം ഒരു പക്ഷേ പൂർണ്ണമായും വ്യക്തമാകുകയില്ലായിരുന്നു. എന്നാൽ വാക്യം 38 ൽ യേശു പറയുന്നത് എന്താണ് എന്ന്
നോക്കുക “പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു”. അതായത് ദേവസഭയിലെ അംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പിതാവ് യേശുവിൽ ആണ്. യേശു തിരിച്ച് പിതാവിലും ഉണ്ട്. യേശുവിനെ പിതാവിന്റെ പ്രവർത്തി
ചെയ്യുവാൻ പ്രാപ്തനാക്കുന്നത് ‘പിതാവ് യേശുവിൽ’ എന്നതാണ് എങ്കിൽ തിരിച്ച് ‘താൻ പിതാവിൽ’ എന്ന് യേശു അവകാശപ്പെടുന്നതിലൂടെ പിതാവ് പ്രവർത്തിക്കുന്നത് (യോഹന്നാൻ 5:17) താൻ പിതാവിലായതു കൊണ്ടാണ് എന്ന അർത്ഥമല്ലേ വരുന്നത്? ഇനി
അത്രയുമല്ലെങ്കിലും പിതാവിന്റെ എല്ലാ പ്രവർത്തികളും തന്റെ പ്രവർത്തികളും കൂടിയാണ് എന്ന അർത്ഥമെങ്കിലും ഈ പ്രസ്താവനയിൽ അടങ്ങിയിരിക്കുന്നു. ഇത് പിതാവുമായുള്ള യേശുവിന്റെ തുല്യതയല്ലെങ്കിൽ പിന്നെ എന്താണ്? എന്നാൽ ശിഷ്യന്മാരെ
സംബന്ധിച്ച പ്രാർത്ഥനയിൽ ഇത്തരത്തിൽ പ്രവർത്തികളെ കുറിച്ചല്ല കേവലം ശിഷ്യന്മാരുടെ ഇടയിലെ ഐക്യതയ്ക്ക് വേണ്ടി അവർ “നമ്മിൽ” (പിതാവിലും പുത്രനിലും ഒരുമിച്ച്) ആകേണം എന്നതാണ് യേശു ആവശ്യപ്പെടുന്നത്. യേശു പിതാവിൽ ആയിരിക്കുന്നത്
പോലെ ശിഷ്യന്മാർ പിതാവിൽ ആയിരിക്കുന്നില്ല. യേശുവിന്റെ പ്രാർത്ഥനയാൽ ശിഷ്യന്മാർ ‘പിതാവിലും പുത്രനിലും’ ആകും. ‘അവർ നമ്മിൽ’ എന്ന് പറയുന്നത് വീണ്ടും പിതാവും പുത്രനും തുല്യരാണ് എന്നത് വ്യക്തമാക്കുന്ന പ്രസ്താവനയാണ്. ഞാൻ നിന്നിൽ
ആയിരിക്കുന്നത് പോലെ അവർ നിന്നിലായിരിക്കണം എന്ന് യേശു പറഞ്ഞിരുന്നെങ്കിൽ ഈ പ്രസ്താവനകൾ പിതാവും പുത്രനും തമ്മിലുള്ള തുല്യതയെ കാണിക്കുന്നില്ല എന്ന വാദം പിന്നെയും പരിഗണിക്കാമായിരുന്നു. (എന്നാൽ പിതാവിൽ പുത്രൻ ആയിരിക്കുന്നത്
പോലെയാണ് അതു എന്നു പറയാനാകില്ല). എന്തായാലും ത്രിത്വവിരുദ്ധരിൽ നിന്ന് വ്യത്യസ്തമായി യേശു വളരെ ശ്രദ്ധയോടെയാണ് വാക്കുകൾ ഉപയോഗിച്ചത്.

3. —- ചുരുക്കത്തിൽ വീണ്ടും യേശു തന്നെ തന്നെ പിതാവിന് സമനാക്കി എന്ന് കണ്ട യഹൂദന്മാർ യേശുവിനെ “പിന്നെയും പിടിപ്പാൻ നോക്കി”. ഇതാണ് യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത്. അല്ലാതെ “ഞാൻ നിങ്ങളെയെല്ലാം പോലെ ഒരു ദൈവമാണ്” എന്നല്ല
യേശു പറഞ്ഞത്.

ഒരു പ്രധാന കാര്യം കൂടി ഇതിനോടൊപ്പം ശ്രദ്ധിക്കേണ്ടതുണ്ട് ദേവസഭയിലെ അംഗങ്ങളെ സംബന്ധിച്ച് ദൈവം എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ഒരിക്കലും യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് പോലെ ഏകദൈവ വിശ്വാസത്തിന്റെ നിർവ്വചനത്തിന്റെ
പരിധിയിൽ വരുന്ന രീതിയിലല്ല. കാരണം:

(i) ദേവ സഭയിലെ അംഗങ്ങൾ ദൈവങ്ങളാകുന്നത് യഹോവ അവരെ അങ്ങനെ വിളിക്കുന്നത്‌ കൊണ്ടാണ്. എന്നാൽ സത്യദൈവം സത്യദൈവമാകുന്നത് താൻ ആരായിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഉദാഹരണമായി യേശു ഏകദൈവ വിശ്വാസത്തിന്റെ
നിർവ്വചനത്തിൽ ഉൾപ്പെടുന്ന രീതിയിൽ സൃഷ്ടാവായിരിക്കുന്നു.

(ii) ഞാൻ , ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല (ആവർത്തനം 32:39) എന്നും ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല (യെശയ്യാവ് 44:8) എന്നും ഒരു സംശയത്തിനും ഇടയില്ലാത്ത വിധ
സത്യദൈവം അസന്ദിഗ്‌ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ദൈവം എന്ന് ദേവസഭയിലെ അംഗങ്ങളെ എതർത്ഥത്തിലാണ് വിളിച്ചിരിക്കുന്നത് എങ്കിലും അതൊരിക്കലും പാറയായ ക്രിസ്തുവിനെ, (റോമർ 9:33, 1. കൊരിന്ത്യർ 10:4) സത്യദൈവമായ യഹോവയെ,
വിളിച്ച അർത്ഥത്തിലല്ല എന്നത് സുവ്യക്തമാണ്.

ഉപസംഹാരം:

ഒരേ പദം വിവിധ അർത്ഥങ്ങളിൽ ഉപയോഗിക്കുക എന്നത് എല്ലാ ഭാഷയിലും സാധാരണമാണ്. ഇത് ഭാഷ എന്താണ് എന്നറിയാവുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ രീതിയിൽ വ്യത്യസ്ത ആശയങ്ങളെ പ്രതിഫലിപ്പിക്കുവാൻ വേണ്ടി എലോഹീം
തിയോസ് എന്നൊക്കെയുള്ള പദങ്ങൾ ബൈബിളിൽ വിവിധ സന്ദർഭങ്ങളിൽ പല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ഉപയോഗങ്ങളിലും ‘ശക്തിയുള്ളവൻ’ ‘അധികാരമുള്ളവൻ’ ‘ഭരണകർത്താവ് അല്ലെങ്കിൽ നിയന്ത്രിതാവ്’ ‘സേവിക്കപ്പെടുന്നവൻ’
എന്നൊക്കെയുള്ള ആശയങ്ങൾ നമ്മുക്ക് കാണുവാൻ സാധിക്കും. ചിലയിടങ്ങളിൽ കൂടുതൽ അർത്ഥങ്ങൾ ചിലയിടങ്ങളിൽ കുറച്ച് അർത്ഥങ്ങൾ. സത്യദൈവത്തെക്കുറിക്കുമ്പോൾ മറ്റെല്ലാത്തിൽ നിന്നും വ്യത്യസ്തമായ ഉന്നതമായ അർത്ഥമാണ് ആ പദത്തിനുള്ളത്.
അല്ലെങ്കിൽ ഞാനല്ലാതെ മറ്റൊരു ദൈവമില്ല എന്ന ദൈവത്തിന്റെ പ്രസ്താവന ഒരർത്ഥവുമില്ലാത്ത വെറും ബോധരഹിതമായ ജൽപനമോ അല്ലെങ്കിൽ തെറ്റിദ്ധാരണാജനകമായ പച്ചക്കള്ളമോ ആയി മാറും. യേശുവിന്റെ ദൈവത്വം നിഷേധിക്കുവാൻ ദൈവത്തെ
കള്ളനാക്കുവാനും മടിയില്ലാത്തവർ “ദൈവം എന്ന പദത്തിന് ഒരു ഏക അർത്ഥവുമന്വേഷിച്ച്” ഇനിയും നടക്കും. എന്നാൽ ദൈവം തന്ന ചിന്താശേഷി ദൈവത്തോട് ശത്രുതയില്ലാതവണ്ണം ഉപയോഗിക്കുന്നവർ തിരിച്ചറിയും “ദൈവം എന്ന പദം സത്യദൈവത്തെക്കുറിച്ച്
ഉപയോഗിക്കുമ്പോൾ മറ്റൊരു ഉപയോഗത്തിലും കാണുവാൻ സാധിക്കാത്ത ആഴമേറിയ അർത്ഥം ആ പദത്തിനുണ്ട്” എന്ന്. കാരണം നമ്മുടെ ദൈവത്തിന് തുല്യനായ ഒരു ദൈവവുമില്ല (യിരെമ്യാവ് 10:6) ആ ഏകദൈവത്തെ വെളിപ്പെടുത്തുന്ന അതേ ഏകദൈവം
തന്നെയായ (യോഹന്നാൻ 1:18) യേശുക്രിസ്തുവിന് തുല്യനായ ഒരു ദൈവപുത്രനുമില്ല (യോഹന്നാൻ

Follow us: